തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ കത്തിയമരുന്ന വാൻ ഹായ് കപ്പലിൽ അതിസാഹസികമായി ഇറങ്ങി രക്ഷാപ്രവർത്തക സംഘം. കത്തുന്ന കപ്പലിൽ ഇറങ്ങിയ കോസ്‌റ്റ് ഗാർഡ് സംഘം വടംകെട്ടി കപ്പൽ കടലിനുള്ളിലേക്ക് കൊണ്ടുപോകാനുള്ള ദൗത്യത്തിലാണ്.
ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്‌ക്ക് എത്തിക്കുന്നത്. കോസ്‌റ്റ് ഗാർഡും പോർബന്ദറിലെ മറൈൻ എമർജൻസി സെന്ററും (എംഇആർസി) ചേർന്നാണ് കപ്പൽ കേരളാ തീരത്ത് നിന്ന് പരമാവധി അകലേക്ക് നീക്കാനുള്ള ദൗത്യത്തിലേർപ്പെട്ടിരിക്കുന്നത്. തീരരക്ഷാ സേനയുടെ ഹെലികോപ്‌ടർ ഉപയോഗിച്ചാണ് സംഘം കപ്പലിൽ ഇറങ്ങിയത്.
കപ്പലിന്റെ മുൻഭാഗത്തെ തീ നിയന്ത്രണ വിധേയമാക്കിയ ശേഷം കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ ഉപയോഗിച്ച് എംഇആർസി സംഘം കപ്പലിൽ ഇറങ്ങുകയാണ് ആദ്യം ചെയ്‌തത്. രണ്ടുദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുൻഭാഗത്തെ തീ നിയന്ത്രണ വിധേയമാക്കാനായത്. തുടർന്ന് മുൻഭാഗത്തെ കൊളുത്തിൽ വലിയ വടം കെട്ടിയ ശേഷം അതിനെ വാട്ടർലില്ലി എന്നുപേരുള്ള ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ടഗ് ബോട്ട് വഴി കപ്പലിനെ കടലിന്റെ പരമാവധി ദൂരേയ്‌ക്ക് മാറ്റുകയാണ് ലക്ഷ്യം.
അതേസമയം, കപ്പലിലെ തീ രണ്ടുദിവസം പിന്നിട്ടിട്ടും പൂർണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കോസ്‌റ്റ് ഗാർഡ് നൽകുന്ന വിവരം. ഏകദേശം 10 മുതൽ 15 ഡിഗ്രിവരെ കപ്പൽ ചെരിഞ്ഞിട്ടുണ്ടെന്നും കോസ്‌റ്റ് ഗാർഡ് വ്യക്‌തമാക്കുന്നു. എങ്കിലും കപ്പൽ സന്തുലിതാവസ്‌ഥയിൽ നിലകൊള്ളുന്നുണ്ട്. കനത്ത മഴകാരണം രാവിലെമുതൽ ഉച്ചവരെ കോസ്‌റ്റ് ഗാർഡിന്റെ വിമാനത്തിന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി







































