കോവിഡ് പ്രതിസന്ധിക്ക് ഇടയിലും നിർമാതാക്കൾക്കും, അണിയറ പ്രവർത്തകർക്കും ഏറെ സഹായകരമായ മാറ്റത്തിലേക്ക് മലയാള സിനിമ വന്നെത്തിയിരിക്കുകയാണ്. ഒടിടി പ്ളാറ്റ്ഫോമുകളാണ് ആ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ചെറു ചിത്രങ്ങൾക്ക് പോലും വലിയ കാഴ്ചക്കാരെ ഉണ്ടാക്കുവാൻ ഈ മേഖലയിലൂടെ സാധിച്ചു എന്നതാണ് സത്യം.
അത്തരത്തിൽ മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങൾ പോലും ഒടിടി റിലീസായി എത്തുന്നത് വലിയ കാര്യമാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മമ്മൂട്ടി ചിത്രം ‘വൺ‘. തിയേറ്ററുകൾ അടച്ചിട്ടതോടെ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏപ്രിൽ 27ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.
നേരത്തെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ പ്രീസ്റ്റും ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയിരുന്നു. ലോക്ക്ഡൗൺ കാലത്ത്, അന്തരിച്ച സംവിധായകൻ ഷാനവാസ് നാറാണിപ്പുഴ ഒരുക്കിയ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും‘ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും ഒരു ഒടിടി വിപ്ളവം പൊട്ടിപ്പുറപ്പെട്ടത്.
പിന്നീട് വലുതും ചെറുതുമായ നിരവധി ചിത്രങ്ങൾ നേരിട്ടും, തിയേറ്റർ റിലീസിന് ശേഷവും ഒടിടി പ്ളാറ്റ്ഫോമുകളിലൂടെ ജനങ്ങൾക്ക് മുൻപിലെത്തി. മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 2‘, ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ‘, ഫഹദ്-ദിലീഷ് പോത്തൻ ചിത്രം ‘ജോജി‘ എന്നിവ ഇക്കാലയളവിൽ പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഒടിടി റിലീസുകൾക്ക് പ്രിയമേറുകയാണ്. കോവിഡ് സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് ഡിജിറ്റൽ റിലീസ് കാത്തിരിക്കുന്നത്.
Read Also: പ്രീമിയർ ലീഗ്; വിജയം തേടി ചെൽസിയും ലിവർപൂളും ഇന്നിറങ്ങും





































