തൃശൂർ: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനി ഹൈറിച്ചിന്റെ ഉടമകളായ ദമ്പതികൾ മുങ്ങിയതിൽ ആരോപണവുമായി വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ദമ്പതികൾക്ക് സംരക്ഷണ കവചമൊരുക്കി രക്ഷപ്പെടാൻ അവസരം നൽകിയത് തൃശൂർ റൂറൽ പോലീസ് ആണെന്നാണ് അനിൽ അക്കരയുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ടു തൃശൂർ റൂറൽ പോലീസിന്റെ നടപടികൾ അന്വേഷണ വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയുടെ എംഡി കെഡി പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവർ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധനക്കായി എത്തുന്ന വിവരമറിഞ്ഞു വീട്ടിൽ നിന്ന് മുങ്ങിയ സാഹചര്യത്തിലാണ് അനിൽ അക്കരയുടെ ആരോപണം.
ഇഡി സംഘം ഇന്ന് രാവിലെ പത്തരയോടെ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപാണ് മൂന്നംഗ സംഘം ഒരു മഹീന്ദ്ര ജീപ്പിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇതിനിടെയാണ് റെയ്‌ഡ് വിവരം ചോർത്തിനൽകിയത് ചേർപ്പ് പോലീസാണെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര രംഗത്തെത്തിയത്.
‘പോലീസാണ് ഇതിൽ യഥാർഥ പ്രതി. ചേർപ്പ് പോലീസിന് പാർട്ട്ണർഷിപ്പ് ഉണ്ടെന്ന് പറയാവുന്ന തരത്തിലാണ് അവരുമായുള്ള ബന്ധം. കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പാണ് ഹൈറിച്ചുമായി ബന്ധപ്പെട്ടുള്ളത്. കേരള പോലീസിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഈ കമ്പനി ഇങ്ങനെ വളർന്നു പന്തലിക്കാൻ കാരണമായത്. 2012 മുതൽ 24 വരെയുള്ള കാലയളവിൽ ഇതിനെ 16,000 കോടി രൂപയുടെ തട്ടിപ്പിലേക്ക് കൊണ്ടുപോയത് ചേർപ്പ് പോലീസിന്റെ നിരുത്തരവാദപരമായ സമീപനം തന്നെയാണ്’- അനിൽ അക്കര പറഞ്ഞു.
100 കോടി രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നാണ് ഹൈറിച്ച് കമ്പനിക്കെതിരായ പരാതി. അനിൽ അക്കരയാണ് ആദ്യം ഇവർക്കെതിരെ കേസ് കൊടുത്തത്. ഒന്നര ലക്ഷം ആളുകളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇവർ സമാഹരിച്ചത്. പണം നഷ്‌ടമായവരുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരവും കേസെടുത്തിരുന്നു. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിച്ചിരുന്ന ഈ കമ്പനി നടത്തിയത് 1600 കോടിയിലധികം രൂപയുടെ തട്ടിപ്പാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Most Read| കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം; രൂപരേഖ സർക്കാരിന് സമർപ്പിച്ചു