കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് ജയരാജൻ ചോദിച്ചു.
കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയ്‌ക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ ചെയ്‌തിട്ടുണ്ട്. കോവിഡ് കാലത്ത് പോലും പരോൾ നൽകിയിരുന്നില്ലെന്നും ആറ് വർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്നാണ് പരോളെന്നും സാമൂഹിക മാദ്ധ്യമത്തിലെ കുറിപ്പിൽ ജയരാജൻ വ്യക്‌തമാക്കി.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന കൊടി സുനിക്ക് അർഹത ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ലെന്ന് പി ജയരാജൻ പോസ്‌റ്റിൽ പറയുന്നു. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്. എന്നാൽ, സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് മാനുഷിക പരിഗണനയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത്.
അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായതെന്നും പോസ്‌റ്റിൽ പറയുന്നു. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ് എന്നതിന്റെ അടിസ്‌ഥാനത്തിൽ പ്രമാദമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ അവധി അനുവദിക്കുന്നുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു.
കോവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്‌ഥാന ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയതെന്നും പി ജയരാജൻ പോസ്‌റ്റിൽ പറയുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം