തൃശൂർ: പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മകളുടെ ഭർത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിന് സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആദ്യ ഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്.
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ രേഖ അഞ്ചുമാസം മുമ്പാണ് പ്രേംകുമാറിനെ വിവാഹം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്‌റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായും ഇതിന്റെ ഭാഗമായി കഴിഞ്ഞ 24ന് മണിയും രേഖയും പ്രേംകുമാറും സ്‌റ്റേഷനിൽ ചെന്നിരുന്നതായും മണിയുടെ മൂത്ത മകൾ സിന്ധു പറഞ്ഞു.
മൃതദേഹ പരിശോധനയ്‌ക്കിടെ പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണി സ്വരത്തിലുള്ള കത്ത് പോലീസിന് ലഭിച്ചു. ഇത് പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇത് സ്‌ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസിയായ വീട്ടുടമ വിവരം അറിയിച്ചതനുസരിച്ച് മൂത്ത മകൾ സിന്ധു വീടിന്റെ പിറകുവശത്തെ പൂട്ടാതിരുന്ന വാതിൽ തുറന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാട്ടൂർ എസ്എച്ച്ഒ ഇആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!