തിരുവനന്തപുരം: സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമായ എ പത്‌മകുമാറിനെ തരം താഴ്‌ത്താനാണ് സിപിഎം തീരുമാനം.
പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്‌മകുമാറിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന. പാർട്ടി കോൺഗ്രസിന് തൊട്ടുമുൻപോ ശേഷമോ നടപടി ഉണ്ടാകും. പാർട്ടിക്ക് പുറത്തേക്കുള്ള വഴിയാണ് പത്‌മകുമാർ ആഗ്രഹിക്കുന്നത് എന്നാണ് സിപിഎം വിലയിരുത്തൽ.
കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽ നടപടി എടുത്തിരുന്നെങ്കിൽ അന്ന് തന്നെ ബിജെപിയിലേക്ക് ചേക്കേറാനായിരുന്നു പത്‌മകുമാറിന്റെ നീക്കങ്ങൾ എന്ന് പാർട്ടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവാദത്തിന്റെ വീര്യം കുറച്ച് നടപടിയിലേക്ക് നീങ്ങാമെന്ന് നേതൃത്വം തീരുമാനിച്ചത്. പാർട്ടിക്കെതിരെ പരസ്യമായി പറയുകയും, താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് പറയുകയും ചെയ്‌തത് പത്‌മകുമാറിന്റെ തന്ത്രമായാണ് സിപിഎം കരുതുന്നത്.
പാർട്ടി കോൺഗ്രസിന് ശേഷം സംസ്‌ഥാന നേതാക്കൾ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാകും പത്‌മകുമാറിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാവുകയെന്ന് സിപിഎം വൃത്തങ്ങൾ പറയുന്നു. അതേസമയം, പത്‌മകുമാർ വീണ്ടും വിമത ശബ്‌ദം ഉയർത്തിയാൽ പാർട്ടിക്ക് പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കും. സിപിഎം സംസ്‌ഥാന കമ്മിറ്റിയിൽ മന്ത്രി വീണാ ജോർജിനെ ക്ഷണിതാവാക്കിയതിനെതിരെ ആയിരുന്നു പത്‌മകുമാറിന്റെ പ്രതികരണം.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി