ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് കേന്ദ്രസർക്കാർ. പാകിസ്ഥാൻ-ഖലിസ്ഥാൻ ബന്ധമുള്ള 1,178 അക്കൗണ്ടുകൾ ട്വിറ്ററിൽ നിലവിലുണ്ടെന്നും ഇവ നീക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ട്വിറ്റർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ കീർത്തി ആഗോളതലത്തിൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേന്ദ്രം പറയുന്നു.
നേരത്തെ, ജനുവരി 31ന് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നീക്കം ചെയ്യേണ്ട 257 അക്കൗണ്ടുകളുടെയും ട്വീറ്റുകളുടെയും ഒരു ലിസ്റ്റ് ട്വിറ്ററിന് അയച്ചിരുന്നു. തുടർന്ന്, കുറച്ച് മണിക്കൂർ നേരത്തേക്ക് ഈ അക്കൗണ്ടുകൾക്ക് ട്വിറ്റർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീട്, കേന്ദ്രം സുരക്ഷാ ഏജൻസികളുടെ സഹായത്തോടെ നീക്കം ചെയ്യേണ്ട അക്കൗണ്ടുകളുടെ പുതിയ ലിസ്റ്റ് ഉണ്ടാക്കി ഫെബ്രുവരി 4ന് ട്വിറ്ററിന് കൈമാറി. എന്നാൽ, ഇക്കുറി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ട്വിറ്റർ ഗ്ളോബൽ സിഇഒ ജാക്ക് ഡോർസി കർഷക സമരത്തെ പിന്തുണച്ച് ചില വിദേശ താരങ്ങൾ പോസ്റ്റ് ചെയ്ത ട്വീറ്റ് ലൈക്ക് ചെയ്തിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് കേന്ദ്ര ഉത്തരവിനെ ട്വിറ്റർ ധിക്കരിക്കുന്നത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
Also Read: ശശികലയുടെ വരവ്; ജയ-എംജിആർ സമാധികൾ അടച്ചുപൂട്ടി സർക്കാർ നീക്കം