ഇസ്‌ലാമാബാദ്: ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനാൽ രാജ്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
”ഇന്ത്യയെ ഒരുതരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയ്യാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്‌ഥാൻ. അഫ്‌ഗാനിസ്‌ഥാനിൽ നിന്നടക്കം അക്രമണങ്ങൾ തുടരാൻ ഇന്ത്യക്ക് കഴിയും. അതൊരു പൂർണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാൻ കഴിയില്ല”- ഖ്വാജ ആസിഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിർത്തി കടന്നുള്ള അക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താൻ ഇസ്‌ലാമാബാദ് പൂർണ ജാഗ്രതയിൽ ആയിരിക്കണമെന്നും പ്രതിരോധ മന്ത്രി വിശദീകരിച്ചു. പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിനെ, ”88 മണിക്കൂർ നീണ്ട ട്രെയിലർ” എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രിയുടെ ഈ പരാമർശങ്ങൾ വരുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് ഇസ്‌ലാമാബാദ് ശ്രമിച്ചാൽ അതിശക്‌തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read| ശബരിമല സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്‌ച വരെ








































