ശ്രീനഗർ: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിൽ പരിധി ലംഘിച്ച് പാക്കിസ്‌ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്- 16 ഇന്ത്യൻ സേന വീഴ്‌ത്തി. സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടത്.
പാക്ക് വ്യോമസേനയുടെ പ്രധാന താവളമായ സർഗോഡ വ്യോമതാവളത്തിൽ നിന്നാണ് എഫ്16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയർന്നത്. പാക്ക് വ്യോമാക്രമണം നേരിടാൻ എസ്-400, എൽ-70, സു-23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.
ജമ്മുവിൽ പാക്കിസ്‌ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമം ഇന്ത്യ തകർത്തതിന് പിന്നാലെയാണ് യുദ്ധവിമാനവും വെടിവെച്ചിട്ടത്. അതേസമയം, വിമാനത്താവളത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടോയെന്നതിൽ വ്യക്‌തതയില്ല. വ്യോമസേനയുടെ താവളവും ജമ്മു വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യൻ നിർമിത എസ്- 400 ഇന്ത്യ തകർത്തത്.
ജമ്മുവിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടു. അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിനെ കൂടാതെ രാജസ്‌ഥാനിലും പഞ്ചാബിലും പാക്കിസ്‌ഥാന്റെ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ജമ്മുവിലും പഞ്ചാബ്, രാജസ്‌ഥാൻ അതിർത്തി മേഖലകളിലും വെളിച്ചം അണച്ചു.
ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്നാണ് റിപ്പോർട്. കശ്‌മീരിലും പഞ്ചാബിലും ജെയ്‌ഷെ മുഹമ്മദും ലഷ്‌കറെ ത്വയിബയും ചാവേർ ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത ശക്‌തമാക്കി. സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി.
Most Read| സംസ്‌ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്