ശ്രീനഗർ: പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലുമായി ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ വെടിവയ്‌പ്പ് തുടർന്ന് പാക്കിസ്‌ഥാൻ. വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്‌ചയായി ഇന്ത്യൻ സൈനിക പോസ്‌റ്റുകൾക്ക് നേരെ പാക്കിസ്‌ഥാൻ പ്രകോപമാനമില്ലാതെ വെടിവയ്‌പ്പ് നടത്തിവരികയാണ്. ഇതിനിടെയാണ്, പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകി പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലുമായി ഒമ്പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിസൈലാക്രമണം നടത്തിയത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരിക്കേറ്റെന്നുമാണ് വിവരം.
ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്‌തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുദ്‌രികെ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. 1971ലെ യുദ്ധത്തിന് ശേഷം ഇതാധ്യമായാണ് പാക്കിസ്‌ഥാനെതിരെ ഇന്ത്യൻ-കര-നാവിക-വ്യോമസേനാ സംയുക്‌ത ആക്രമണം നടത്തിയത്.
മുംബൈ ഭീകരാക്രമണത്തിൽ ഭീകരവാദികളെ പരിശീലിപ്പിച്ച ലഷ്‌കർ താവളമായിരുന്നു മുദ്‌രികെ. 2023നും 2024നുമിടയിൽ ജമ്മു കശ്‌മീരിലെ രജൗരിയിലും പൂഞ്ചിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഗുൽപുർ ഭീകര ക്യാമ്പായിരുന്നു. പഹൽഗാം ഭീകരാക്രമണം ഉൾപ്പടെ ഇന്ത്യക്കെതിരായ ഒന്നിലധികം ആക്രമണങ്ങളുമായി ബന്ധമുള്ള ലഷ്‌കർ ക്യാമ്പായിരുന്നു കോട്‌ലി. ഈ ഭീകര ക്യാമ്പുകളാണ് ഇന്ത്യൻ സംയുക്‌ത സൈന്യം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി അർധരാത്രി ലക്ഷ്യംവെച്ചത്.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ പാക്ക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയതിന് തിരിച്ചടി ഇന്ത്യ നൽകിയത് ഒരു പുലർച്ചെയായിരുന്നു. 12 ദിവസത്തിന് ശേഷം ഫെബ്രുവരി 26ന് പാക്കിസ്‌ഥാനിലെ ബാലാക്കോട്ടിൽ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ബോംബിട്ടു.
ഇത്തവണ പഹൽഗാം ഭീകരാക്രമണത്തിന് 16ആം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക് പുലർച്ചെ 2.45നും 4.05നും ഇടയിലായിരുന്നുവങ്കിൽ ഓപ്പറേഷൻ സിന്ദൂർ അർധരാത്രിക്ക് ശേഷമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി മുഴുവൻ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിരീക്ഷിച്ചിരിക്കുകയായിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ