ഇസ്‌ലാമാബാദ്: പഹൽഗാം ആക്രമണത്തിൽ ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്ക് പിന്നാലെ പാക്കിസ്‌ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്‌ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചതായാണ് വിവരം.
ലാഹോറിന് അടുത്തുള്ള കേന്ദ്രങ്ങളിലെല്ലാം പാക്ക് സേനാ സാന്നിധ്യം വർധിപ്പിച്ചതായാണ് റിപ്പോർട്. പ്രത്യാക്രമണം നടത്തുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പാക്കിസ്‌ഥാനിലെ വ്യോമാതിർത്തി പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. നേരത്തെ, ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമാണ് പാക്കിസ്‌ഥാന്റെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ, ഇന്ത്യയുടെ ശക്‌തമായ തിരിച്ചടിക്ക് പിന്നാലെ രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണെന്നാണ് പ്രഖ്യാപനം. ചില അവശ്യ സർവീസ് വിമാനങ്ങൾക്ക് മാത്രമേ പറക്കാൻ അനുമതിയുള്ളൂ. 48 മണിക്കൂർ നേരത്തേക്കാണ് വ്യോമമേഖല പൂർണമായും അടച്ചിടുന്നത്. ഇന്ത്യൻ തിരിച്ചടികളുടെ പശ്‌ചാത്തലത്തിൽ ഒരു മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് പാക്കിസ്‌ഥാൻ പറയുന്നത്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നിരുന്നു. എന്നാൽ, സ്‌ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ പാക്കിസ്‌ഥാൻ മുതിർന്നാൽ ശക്‌തമായി തിരിച്ചടിക്കുമെന്ന് തന്നെയാണ് ഇന്ത്യ വ്യക്‌തമാക്കിയിരിക്കുന്നത്. സൈനിക ക്യാമ്പുകളോ സാധാരണക്കാരെയോ ലക്ഷ്യം വച്ചിട്ടില്ലെന്നും ഭീകരപരിശീലന കേന്ദ്രങ്ങൾ മാത്രമാണ് പ്രിസിഷൻ അറ്റാക്കിലൂടെ തകർത്തതെന്നുമാണ് ഇന്ത്യ വ്യക്‌തമാക്കുന്നത്.
ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക്ക് വിമാനങ്ങൾ എത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ജമ്മു കശ്‌മീരിലെ അതിർത്തി മേഖലകളിൽ പാക്കിസ്‌ഥാന്റെ ആക്രമണം തുടരുകയാണ്. കുപ്‍വാര, ഗുരേസ് സെക്‌ടറുകളിലാണ് പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഇന്നലെ നൽകിയ മറുപടിയിൽ പാക്കിസ്‌ഥാനിൽ 31 പേർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. 41 പേർക്ക് പരിക്കേറ്റു. ഇനിയും പ്രകോപനം ഉണ്ടായാൽ ശക്‌തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതിനിടെ, പാക്ക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. കശ്‌മീരിൽ ഇന്നും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗർ വിമാനത്താവളം ഇന്നും അടച്ചിടും. ജമ്മു കശ്‌മീരിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!