ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരാമർശവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ അതിർത്തിയിൽ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്നും വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയമുണ്ടെന്നുമായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം.
ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളികൾ കളിക്കാൻ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് അത് തള്ളിക്കളയാനാവില്ലെന്ന് ഖ്വാജ ആസിഫ് പറഞ്ഞത്. അതിന് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”പ്രതികരിക്കാനുള്ള തന്ത്രങ്ങൾ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ട്. എനിക്കത് പരസ്യമായി ചർച്ച ചെയ്യാൻ കഴിയില്ല. പക്ഷേ, ഏത് സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ തയ്യാറാണ്. രാജ്യത്ത് താമസിക്കുന്ന അഫ്‌ഗാനികൾ ഭീകരവാദമല്ലാതെ മറ്റൊന്നും പാക്കിസ്‌ഥാന് നൽകിയിട്ടില്ല. പാക്കിസ്‌ഥാനിൽ അനധികൃതമായി താമസിക്കുന്ന അഫ്‌ഗാനികൾക്കെതിരെ സർക്കാർ നടപടി ആരംഭിച്ചു.
അഫ്‌ഗാനികൾ തിരികെ പോകണം. കഴിഞ്ഞ 50 വർഷത്തിനിടയിൽ അഫ്‌ഗാനിസ്‌ഥാനിലെ എല്ലാ ഭരണാധികാരികളും 1970കളിലോ 80കളിലോ ഈ നൂറ്റാണ്ടിലോ ആകട്ടെ, പാക്കിസ്‌ഥാനിൽ അഭയം തേടിയിട്ടുണ്ട്. ഞാൻ അവരുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല.
പക്ഷേ, അവരാരും പാക്കിസ്‌ഥാന്റെ സഹായം അംഗീകരിച്ചിട്ടില്ല. അവരിൽ നിന്ന് ഞങ്ങൾക്ക് എന്ത് കിട്ടി? ഭീകരവാദമല്ലാതെ മറ്റെന്താണ് ഞങ്ങൾക്ക് തന്നത്? ഈ ബന്ധങ്ങൾ കാരണം പാക്കിസ്‌ഥാന് സ്വന്തം സമാധാനം നശിച്ചു. ഇപ്പോൾ സ്‌ഥിതി മെച്ചപ്പെടുമ്പോൾ എന്തുകൊണ്ട് അവർ തിരികെ പോകുന്നില്ല?
വെടിനിർത്തൽ നിലനിൽക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം താലിബാന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണ്. ഇന്ത്യക്കുവേണ്ടി അഫ്‌ഗാനിസ്‌ഥാൻ നിഴൽയുദ്ധം നടത്തുകയാണ്. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഒരാഴ്‌ച നീണ്ട ഇന്ത്യാ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം എന്ത് പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് കണ്ടറിയണം”- ഖ്വാജ ആസിഫ് പറഞ്ഞു.
Most Read| പാലിയേക്കര ടോൾ പിരിവ് തുടരാം; നിരക്ക് വർധിപ്പിക്കരുതെന്ന് ഹൈക്കോടതി