ന്യൂഡെൽഹി: വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്‌ഥാൻ. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മണിക്കൂറുകൾക്കകം പാക്കിസ്‌ഥാൻ ഷെല്ലാക്രമണം ആരംഭിച്ചു. ജമ്മുവിന് പുറമെ അഖ്‌നൂർ, രജൗരി, ആർഎസ്‌പുര, ബാരാമുള്ള, പൊഖ്‌റാൻ തുടങ്ങിയ സ്‌ഥലങ്ങളിൽ ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്‌ദം കേൾക്കുന്നതായി ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുല്ല എക്‌സിൽ കുറിച്ചു. നിലവിൽ വിവിധ സ്‌ഥലങ്ങളിൽ ബ്ളാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാക്കിസ്‌ഥാനുമായുള്ള വെടിനിർത്തൽ ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് പ്രാബല്യത്തിൽ വന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ ധാരണയായത്.
ഇന്ന് വൈകീട്ട് അഞ്ചുമണിമുതൽ കര, വ്യോമ, നാവികസേനാ നടപടികളെല്ലാം നിർത്തിവെക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് പാക്കിസ്‌ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും വ്യക്‌തമാക്കി. മണിക്കൂറുകൾക്കകമാണ് അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം ഉണ്ടായത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ