ഇസ്‌ലാമാബാദ്: ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്‌ത ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്കിസ്‌ഥാൻ. കശ്‌മീർ പ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ വ്യക്‌തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ യാചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്നു ഉണ്ടായാൽ പാക്കിസ്‌ഥാൻ ശക്‌തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ”ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്‌തമായ തിരിച്ചടി നൽകും. സംഘർഷത്തിൽ ആകാശത്തിലും കരയിലും പാക്ക് സൈന്യം ശക്‌തി തെളിയിച്ചതാണ്”- ധർ പറഞ്ഞു.
ഇന്ത്യ-പാക്ക് സംഘർഷത്തിൽ നയതന്ത്ര ഇടപെടലുകളിലൂടെ പാക്കിസ്‌ഥാന്റെ ആഖ്യാനം ലോകരാജ്യങ്ങൾ സ്വീകരിച്ചതാണെന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം, പാക്ക് അധിനിവേശ കശ്‌മീർ തിരികെ നൽകൽ, ഭീകരവാദം എന്നീ വിഷയങ്ങളിൽ മാത്രമേ പാക്കിസ്‌ഥാനുമായി ചർച്ചയുള്ളൂവെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.
ഏപ്രിൽ 22ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക്ക് ബന്ധം കൂടുതൽ വഷളായത്. ഇതിന് മറുപടിയായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ തിരിച്ചടിച്ചിരുന്നു. പാക്കിസ്‌ഥാനിൽ നിരവധി ഭീകര കേന്ദ്രങ്ങൾ തകർക്കുകയും ഭീകരരെ വധിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ മേയ് പത്തിന് ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി