ശ്രീനഗർ: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ പാകിസ്ഥാൻ തുരങ്കങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരീകരിച്ച് കശ്മീർ പോലീസ് മേധാവി. ഭീകരർക്ക് രാജ്യത്തിലേക്ക് കടക്കാൻ നല്ല വഴിയൊരുക്കുന്നതിനാണ് അതിർത്തിയിൽ ഇത്തരം തുരങ്കങ്ങൾ ഉണ്ടാക്കിയതെന്ന് ദിൽബാഗ് സിംഗ് പറഞ്ഞു.
ഗാല ജില്ലയിൽ കണ്ടെത്തിയ 170 മീറ്റർ നീളമുള്ള തുരങ്കം പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം അവസാനം 25 അടിയോളമുള്ള തുരങ്കം അതിർത്തി രക്ഷാസേന കണ്ടെത്തിയിരുന്നു. അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
2013-14ൽ കാലത്ത് ചന്യരിയിൽ കണ്ടെത്തിയതിനു സമാനമാണ് ഈ തുരങ്കമെന്ന് സൂചനകളുണ്ട്. നഗ്രോട്ടയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷമാണ് ഈ തുരങ്കം കണ്ടെത്തിയത്. ഇതിന്റെ പിന്നിലെ കാരണങ്ങൾ വ്യക്തമാണെന്നും നടപടി വൈകാതെ തന്നെയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും അതിർത്തിയിൽ കൂടുതൽ തുരങ്കങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ പോലീസ് തള്ളിക്കളയുന്നില്ല.







































