പാലക്കാട്: ദേശീയപാത മരുതറോഡ് ജങ്ഷനിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം റോഡിലെ വെളിച്ചക്കുറവും കാറിന്റെ അമിതവേഗതയുമാണെന്ന് പോലീസ്. കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ താമസിക്കുന്ന അരുൺ കുമാറിന്റെ ഭാര്യ അമൃതയാണ് (36) വാഹനാപകടത്തിൽ മരിച്ചത്.
അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ തേങ്കുറുശ്ശി സ്വദേശി രമേശിനെതിരെ (35) പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്‌ച രാത്രി എട്ടരയോടെ മരുതറോഡ് ജങ്ഷനിലെ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് ഓടിച്ച അമൃതയുടെ പിതൃസഹോദരൻ പി മഹിപാൽ (59), അമൃതയുടെ മകൾ ആദ്‌വിക (രണ്ടര) എന്നിവർക്കും പരിക്കേറ്റിരുന്നു.
ഇവർ പുതുശ്ശേരിയിൽ നിന്ന് മരുതറോഡിലെ സൂപ്പർമാർക്കറ്റിലേക്ക് പോവുകയായിരുന്നു. ഇതിനിടെ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ ആദ്യം അമൃത സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ശേഷം മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ ഇടിച്ചാണ് നിന്നത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്കാണ് ഈ കാർ പോയിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ മൂവരെയും ഓടിയെത്തിയ യുവാക്കൾ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമൃതയെ രക്ഷിക്കാനായില്ല. കോഴിക്കോട് തിക്കോടി സ്വദേശിയായ മോഹൻദാസിന്റെയും ഷൈലജയുടെയും മകളാണ് അമൃത. ഭർത്താവ് അരുൺകുമാറിന് ഖത്തറിലാണ് ജോലി. അമൃതയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!