പാലക്കാട്: കാറിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. പൊൽപ്പുള്ളി അത്തിക്കോട്ടാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട്ട് പുളക്കാട് സ്വദേശിനി എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആൽഫിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ് വിവരം.
90 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ജോലി കഴിഞ്ഞെത്തിയ എൽസി കുട്ടികളെയും കൂട്ടി കാറിൽ പുറത്തേക്ക് പോകാനിരിക്കെ ആയിരുന്നു അപകടമുണ്ടായത്.
എല്ലാവരും കാറിൽ കയറിയതിന് ശേഷം എൽസി വാഹനം സ്‌റ്റാർട്ട് ചെയ്യുകയും ഇതിന് പിന്നാലെ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിന് തീപിടിച്ചെന്നുമാണ് പറയുന്നത്. ഇവർക്ക് കാറിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്.
കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നും ഷോർട് സർക്യൂട്ടാണെന്നും പറയപ്പെടുന്നുണ്ട്. ഒന്നരമാസം മുൻപാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ മരിച്ചത്. ഇതിന് ശേഷം ജോലിയിൽ നിന്ന് അവധിയെടുത്ത എൽസി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെ ജോലിയിൽ തിരികെ പ്രവേശിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!