കൊച്ചി: പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടി മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതികളുടെ മകൾ എംലീന മരിയ മാർട്ടിൻ (4) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എംലീന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
അപകടത്തിൽ മാരകമായി പൊള്ളലേറ്റ എൽസിയും ഇവരുടെ മറ്റൊരു മകൻ ആൽഫിൻ മാർട്ടിനും (6) എറണാകുളത്തെ ആശുപത്രിയിൽ ചികിൽസയിലാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.
അപകടത്തിൽ പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ ഭാര്യ എൽസി (37), മക്കളായ അലീന (10), ആൽഫിൻ (6), എംലീന (4), എൽസിയുടെ അമ്മ ഡെയ്സി (65) എന്നിവർക്കാണ് പൊള്ളലേറ്റത്. എൽസി, ആൽഫിൻ, എംലീന എന്നിവരെ പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റുരണ്ടുപേരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിന് മുന്നിൽ കാർ നിർത്തിയിട്ടിരുന്നു. ഒരുമണിക്കൂറിന് ശേഷം മക്കൾക്കൊപ്പം പുറത്തുപോകാനായി കാറിൽക്കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീ ആളിക്കത്തുന്നത് കണ്ട് വീടിന് മുന്നിലെത്തിയ നാട്ടുകാർ കണ്ടാണ് ശരീരമാസകലം പൊള്ളലേറ്റ എൽസിയെയാണ്.
കുട്ടികളെ എൽസി തന്നെയാണ് കാറിൽ നിന്നും പുറത്തെത്തിച്ചതെന്നും അവർ പറഞ്ഞു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എൽസിയുടെ അമ്മ ഡെയ്സിക്ക് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ സമീപത്തെ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Most Read| തറയ്ക്കടിയിൽ നിന്ന് രക്തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!