പാലക്കാട്: 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങൾ കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നെയാണ് ഇന്ന് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്.
തുടർച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുകയാണ്. അതിനിടെ, സംസ്ഥാനത്തെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് ചുമതലപ്പെടുത്തി. ജില്ലയിൽ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പോലീസുകാരെ പാലക്കാട് ജില്ലയിൽ വിന്യസിക്കും.
എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പാലക്കാടെത്തും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇന്നലെ കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേവും വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. ഈ കൊലപാതകം നടന്ന 24 മണിക്കൂർ പിന്നിടും മുമ്പാണ് അടുത്ത കൊലപാതകവും ജില്ലയിൽ നടന്നത്.
ഇത് പോലീസ് ഇന്റലിജൻസ് സംവിധാനത്തിന്റെ കൂടി വീഴ്ചയാണെന്നാണ് വിലയിരുത്തുന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് ഇന്ന് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പാലക്കാട് എസ്കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളിൽ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം വാൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
ശ്രീനിവാസന്റെ കൈക്കും കാലിനും തലയുടെ ഒരു ഭാഗത്തുമാണ് ഗുരുതരമായി വെട്ടേറ്റത്. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. അധ്യാപികയായ ഗോപിക ആണ് ശ്രീനിവാസന്റെ ഭാര്യ. ഒരു മകളുണ്ട്.
Most Read: ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണവുമായി യുവതി








































