പാലക്കാട്: കരിമ്പ കരിമല തരിപ്പപതി മുണ്ടനാട് മാവിൻചോട് ആറ്റില വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്‌ഠന്റെ (24) മൃതദേഹമാണ് ആർഎഫ് ടീമും സ്‌കൂബ ടീമും അഗ്‌നിരക്ഷാ സേനയും പോലീസും ചേർന്ന് 45 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കാട്ടുതേൻ ശേഖരിക്കാനാണ് ഒമ്പതംഗ സംഘം അട്ടപ്പാടിയിൽ നിന്ന് ഞായറാഴ്‌ചയാണ് പ്രദേശത്തെത്തിയത്. മലയോരത്ത് ഇവർ ഇതിനായി ക്യാമ്പ് ചെയ്യുകയായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗമാണ് ഇവിടം. വനത്തിന് സമീപം വെള്ളച്ചാട്ടത്തിന് താഴെ പാറയിടുക്കിൽ താമസിച്ച് തേനെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
രാത്രിയോടെ മണികണ്‌ഠൻ വെള്ളത്തിലിറങ്ങാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് ഒപ്പമുള്ളവർ പറയുന്നത്. ശബ്‌ദം കേട്ട് ഇവർ ഓടിയെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് അഗ്‌നിരക്ഷാസേന സ്‌ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അവർക്കും കണ്ടെത്താനായില്ല. തുടർന്ന് പാലക്കാട് നിന്ന് സ്‌കൂബാ സംഘം എത്തി തിരച്ചിൽ നടത്തി. ഇന്നലെ വൈകിട്ടോടെ നിർത്തിയ തിരച്ചിൽ ഇന്ന് രാവിലെയോടെ പുനരാരംഭിക്കുകയായിരുന്നു.
Most Read| ‘ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം, നീട്ടാൻ ഗവർണർക്ക് അധികാരമില്ല’