വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം അടച്ചിട്ട മണ്ണൂത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു കൊടുത്തു. പാലം അടച്ചിട്ട് നിർമാണ പ്രവൃത്തികൾ നടത്തുകയായിരുന്നു. 420 മീറ്റർ നീളമുള്ള പാലത്തിന്റെ 23 സ്ഥലങ്ങളിൽ നിർമാണ പാളിച്ച കാരണം ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തുന്ന പ്രവൃത്തിയായിരുന്നു നടന്നു കൊണ്ടിരുന്നത്.
നേരത്തേ ആറ് തവണ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ട് നിർമാണ പ്രവൃത്തികൾ നടത്തിയിരുന്നു. ആവശ്യത്തിന് ബലപ്പെടുത്തൽ നടത്താതെ നിർമാണം പൂർത്തിയാക്കിയതാണ് പാലത്തിന്റെ തകർച്ചക്ക് കാരണമായത്. ഉരുക്കുപാളി ഘടിപ്പിച്ച് ബലപ്പെടുത്താത്തത് മൂലം റോഡ് താഴുകയും ചിലയിടങ്ങളിൽ വിള്ളൽ വീഴുകയും ചെയ്തിരുന്നു.
പാലത്തിന്റെ രണ്ട് ഭീമുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് വാഹനങ്ങൾ പോകുന്ന സമയങ്ങളിൽ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ച് പ്രവൃത്തികൾ നടത്താൻ തുടങ്ങിയത്. ഒരു മാസമായി പാലത്തിൽ നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, നിർമാണം പൂർത്തിയായി കൊണ്ടിരിക്കുന്ന വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതാ റോഡിന് നിലവാരമില്ലെന്ന് ദേശീയ പാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര ഏജൻസിയായ ഐഎസ്ടി കണ്ടെത്തി. പരിശോധനക്ക് ശേഷമാണ് അതികൃതർ മുന്നറിയിപ്പ് നൽകിയത്. ഇതോടെ ടാറിങ് ഉൾപ്പടെ പൊളിച്ച് നീക്കി വീണ്ടും പണി നടക്കുകയാണിവിടെ. പണി കഴിഞ്ഞ റോഡ് പൊട്ടിപൊളിയുകയും വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട് . നിർമാണത്തിൽ അപാകത ഉണ്ടെന്ന് ഹൈക്കോടതി നിയമിച്ച കമ്മീഷൻ കണ്ടെത്തിയിട്ടും ഇവ പരിഹരിക്കാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
Read Also: ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി







































