ജറുസലേം: ഇസ്രയേൽ അധിനിവേശ വെസ്‌റ്റ് ബാങ്കിലെ തുൽക്കർ നഗരത്തിന് സമീപമുള്ള അഭയാർഥി ക്യാംപിൽ ക്രിസ്‌മസ് തലേന്ന് സൈന്യം നടത്തിയ ആക്രമണങ്ങളിൽ എട്ട് പലസ്‌തീനികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഇസ്രയേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്‌ദോ എന്ന 53കാരിയായ സ്‌ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
ഹമാസിന്റെ സായുധ വിഭാഗമായ അൽ- ഖസാം ബ്രിഗേഡ്‌സിന്റെ രണ്ട് അംഗങ്ങളെയും ഇസ്രയേൽ വധിച്ചു. മരണസംഖ്യ എട്ടായതായാണ് പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2023 ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം നൂറുകണക്കിന് പലസ്‌തീൻകാരും ഡസൻ കണക്കിന് ഇസ്രയേലികളും വെസ്‌റ്റ് ബാങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, അഫ്‌ഗാനിസ്‌ഥാനിലെ പക്‌തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ പാകിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്‌ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ലാമൻ ഉൾപ്പടെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ബാർമാലിലെ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. വ്യോമാക്രമണം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടി ഉണ്ടാകുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്‌ഥാൻ വ്യോമാക്രമണം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും അതിർത്തിക്കടുത്തുള്ള താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും