കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നത് സംബന്ധിച്ച് വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. കേസിൽ വ്യാഴാഴ്‌ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഇതോടെ അന്നുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരും.
ഇതിനെ ദേശീയപാത അതോറിറ്റിയും കരാറുകാരും എതിർത്തെങ്കിലും ഹൈക്കോടതി വഴങ്ങിയില്ല. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്ന് റോഡ് ഗതാഗതം താറുമാറായ കാര്യം തൃശൂർ ജില്ലാ കലക്‌ടർ ചൂണ്ടിക്കാട്ടിയതോടെയാണ് കേസിൽ വിധി പറയുന്നത് മാറ്റിയത്. ജസ്‌റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് ആറുമുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. എന്നാൽ, മുരിങ്ങൂരിൽ എറണാകുളം ഭാഗത്ത് ഇന്നലെ സർവീസ് റോഡ് ഇടിഞ്ഞത് ഇന്ന് കലക്‌ടർ ചൂണ്ടിക്കാട്ടി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു ഇത്. സർവീസ് റോഡ് തകർന്നത് മൂലം റോഡ് ഗതാഗതത്തിന് തടസം നേരിടുന്നുണ്ടെന്ന് കലക്‌ടർ വ്യക്‌തമാക്കി. എന്നാൽ, ഇത്തരത്തിൽ ചെറിയ തടസങ്ങളുടെ പേരിൽ ടോൾ പിരിവ് തടയുന്നത് ശരിയല്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ നിലപാട്.
മുരിങ്ങൂരിലെ പ്രശ്‌നം പരിഹരിച്ച് വരികയാണെന്നും താൽക്കാലിക റോഡിലൂടെ ഗതാഗതമുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഇത്തരത്തിൽ ടോൾ നിർത്തിവെച്ചത് വലിയതോതിൽ ബാധിക്കുന്നുവെന്നും അതോറിറ്റിയും കരാറുകാരും വാദിച്ചു. അപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ കാര്യമോ എന്ന് കോടതി ചോദിച്ചു.
മുരിങ്ങൂരിലെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അക്കാര്യത്തിൽ കലക്‌ടർക്ക് റിപ്പോർട് നൽകണം. അദ്ദേഹം അത് പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ വിധി പറയാമെന്നും കോടതി വ്യക്‌തമാക്കി.
Most Read| പലസ്‌തീനെന്ന രാജ്യം ഉണ്ടാകില്ല, വെസ്‌റ്റ് ബാങ്ക് കുടിയേറ്റം തുടരും; നെതന്യാഹു