കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. കേസിലെ പ്രതികളായ രാഹുൽ പി ഗോപാൽ ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. താനും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണകൾ മാത്രമായിരുന്നുവെന്നും, അത് പരിഹരിച്ച സാഹചര്യത്തിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
വിവാഹം കഴിഞ്ഞിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളൂ. നിലവിലുള്ള ക്രിമിനൽ കേസ് മൂലം ഭാര്യയും ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നില്ല. പോലീസിന്റെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണിതെന്നും ഹരജിയിൽ പറയുന്നു. തന്നെ രാഹുൽ മർദ്ദിച്ചിട്ടില്ലെന്നും തങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് കാണിച്ചുള്ള യുവതിയുടെ സത്യവാങ്മൂലവും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ഇതോടെ, കേസിൽ വിശദീകരണം നൽകാൻ ജസ്‌റ്റിസ് ഇ ബദറുദീന്റെ ബെഞ്ച് പോലീസിന് നോട്ടീസ് അയക്കുകയായിരുന്നു. കേസ് പിന്നീട് പരിഗണിക്കാനും മാറ്റി. രാഹുൽ, മാതാവ് ഉഷാകുമാരി, സഹോദരി കാർത്തിക, ഡ്രൈവർ രാജേഷ് എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾ നിരപരാധികളാണെന്നാണ് ഇവർ ഹരജിയിൽ പറയുന്നത്. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ ചില തെറ്റിദ്ധാരണകൾ മൂലമാണ് ഇത്തരമൊരു പരാതി കൊടുക്കാനിടയായതെന്നും ഹർജിയിൽ പറയുന്നു.
Most Read| ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി; മുഖ്യമന്ത്രി