കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ രാജ്യം വിട്ടതായി സ്‌ഥിരീകരണം. രാഹുൽ ജർമനിയിൽ എത്തിയതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. അതേസമയം, രാഹുലിനെ നാട്ടിലെത്തിക്കാനായി പോലീസ് ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. ഇതിനായി ഇന്റർപോളിന് അപേക്ഷ നൽകി.
സംഭവത്തിൽ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിന്റെ അമ്മയെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തേക്കും. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ ശേഷം രാഹുൽ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും യുവതി പോലീസിന് മൊഴി നൽകി.
വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. അതിനിടെ, അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി. കമ്മീഷണർക്ക് വധുവിന്റെ മൊഴി പോലീസ് സംഘം കൈമാറി. രാഹുലിന് ജർമനിയിൽ ജോലിയുണ്ടെന്ന് പറഞ്ഞത് കളവാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിന് വിദേശ ഏജൻസികളുടെ സഹായം തേടും.
Most Read| കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം