കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്ക്. രാഹുൽ നിലവിൽ സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്താനായി കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടും. രാഹുൽ രാജ്യം വിട്ട സാഹചര്യത്തിൽ കടുത്ത നടപടി വേണമെന്നാണ് പോലീസ് തലപ്പത്ത് നിന്നുള്ള നിർദ്ദേശം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. യുവതിയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും. ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മർദ്ദിച്ച് പരിക്കേൽപ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതുമടക്കം ഭർത്താവിന്റെ കൊടും ക്രൂരതകൾ യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. പന്തീരാങ്കാവിലെ രാഹുലിന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോഴുണ്ടായ അനുഭവമടക്കമുള്ള കാര്യങ്ങൾ മാതാപിതാക്കളും പോലീസിനോട് വിശദീകരിച്ചു. മൊഴിയുടെ അടിസ്‌ഥാനത്തിൽ രാഹുലിന്റ അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും.
പോലീസിന്റെ വീഴ്‌ചയാണ് രാഹുൽ സിംഗപ്പൂരിലേക്ക് രക്ഷപ്പെടാൻ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു. വീഴ്‌ച കണ്ടെത്തിയതോടെ പന്തീരാങ്കാവ് എസ്‌എച്ച്‌ഒ എഎസ് സരിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. നോർത്ത് സോൺ ഐജി കെ സേതുരാമൻ ആണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. പോലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമർപ്പിച്ചതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാർ സംഭവത്തിൽ ഇടപെടൽ നടത്തുകയും പരാതി അന്വേഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഇതിലാണ് സസ്‌പെൻഷൻ നടപടി. വധശ്രമത്തിന് കേസെടുക്കാൻ പോലീസ് വൈകിയതാണ് വ്യാപക വിമർശനങ്ങൾക്ക് കാരണമായിരുന്നത്.
Most Read| അനിശ്‌ചിതത്വം നീങ്ങി; സംസ്‌ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പുനരാരംഭിക്കും