ന്യൂഡെൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പരാഗ് ജെയിനിനെ, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി നിയമിച്ചു. പഞ്ചാബ് കേഡറിൽ നിന്നുള്ള 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ പരാഗ് ജെയിൻ, പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ചയാളാണ്.
നിലവിൽ റോയുടെ വ്യോമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഏവിയേഷൻ റിസർച്ച് സെന്ററിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം. റോയുടെ നിലവിലെ മേധാവി രവി സിൻഹ ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ജൂലൈ ഒന്നുമുതൽ രണ്ടുവർഷം ജെയിൻ റോയുടെ തലപ്പത്ത് തുടരും.
നേരത്തെ പഞ്ചാബിൽ സീനിയർ പോലീസ് സൂപ്രണ്ടായും ഡിഐജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്ന സമയത്ത് ജമ്മു കശ്മീരിലും പരാഗ് പ്രവർത്തിച്ചു. ശ്രീലങ്കയിൽ കാനഡയിലും ഇന്ത്യൻ മിഷനുകളുടെ ഭാഗമായിട്ടുണ്ട്. കാനഡയിൽ ഖലിസ്ഥാനി ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഏകോപിപ്പിച്ചിരുന്നത്.
Most Read| വാക്സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!