കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തി ക്രൈം ബ്രാഞ്ച്. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന. കേസിൽ ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയാണെന്ന് പോലീസ് അറിയിച്ചു.
ഒളിവിലുള്ള ഷബീർ, ഗഫൂർ, കൃഷ്ണ പ്രസാദ് എന്നിവരുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. പ്രതികളുടെ യാത്രാ രേഖകൾ, ബാങ്കിടപാട് വിവരങ്ങൾ, സിം കാർഡ് മുതലായവ അന്വേഷണ സംഘം പിടിച്ചെടുത്തു. കേസിൽ രണ്ട് പേരാണ് നിലവിൽ അറസ്റ്റിലായത്.
വിദേശ കോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്ത് നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുന്ന 20 ഉപകരണങ്ങളാണ് കോഴിക്കോട് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.
അതേസമയം പ്രതീക്ഷിച്ചതിനെക്കാള്‍ വലുതാണ് ഇതിന് പിന്നിലെ കുഴല്‍പ്പണ ഇടപാടുകളെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ബെംഗളുരുവില്‍ നിന്ന് പിടികൂടിയ ഇബ്രാഹിമിന്റെ ലാപ്ടോപ്പില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.
കുഴല്‍പ്പണമാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നും പാകിസ്ഥാന് പൗരനാണ് പണം കൊടുത്തതെന്നുമുള്ള സൂചനയാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കൂടാതെ രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഘവും ആശയ വിനിമയത്തിനായി ഈ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയാഗിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
കേസിലെ മറ്റൊരു പ്രതി കൊളത്തറ സ്വദേശി ജുറൈസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 730 സിമ്മുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
Malabar News: രേഖകളില്ലാതെ സ്വർണവും പണവും കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ







































