പാലക്കാട് : കോവിഡ് വ്യാപനം മൂലം കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിട്ട പറമ്പിക്കുളം കടുവ സങ്കേതത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10 ആം തീയതിയാണ് പറമ്പിക്കുളം കടുവ സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്ന സാഹചര്യത്തില്‍ ആളുകള്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് നിരാശ നല്‍കാതെ കാഴ്‌ച ഒരുക്കുന്ന ഒരു സന്ദര്‍ശക കേന്ദ്രമാണ് പറമ്പിക്കുളം. കന്നിമാര തേക്കും, അണക്കെട്ടുകളും, വന്യജീവികളും ഒക്കെയായി കാഴ്‌ചയുടെ വസന്തം തന്നെ പറമ്പിക്കുളം സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഒരുക്കാറുണ്ട്. ഇന്ന് മുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌ത ആളുകളെ മാത്രമായിരിക്കും പ്രവേശിപ്പിക്കുകയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ സന്ദര്‍ശകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അധികൃതര്‍ വ്യക്‌തമാക്കി.കൂടാതെ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളെ പ്രവേശിപ്പിക്കില്ലെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
പറമ്പിക്കുളത്തെത്തുന്ന സഞ്ചാരികള്‍ക്കായി 10 സഫാരി വാനുകള്‍ ഇവിടെയുണ്ട്. ഈ വാനുകളില്‍ സഞ്ചാരികള്‍ക്ക് 3.5 മണിക്കൂര്‍ നീളുന്ന സഫാരി ചെയ്യാന്‍ സാധിക്കും. കൂടാതെ സഞ്ചാരികള്‍ക്ക് രാത്രി താമസത്തിനായി വനം വകുപ്പിന്റെ ടെന്റ്, ഐബി, ട്രീ ഹട്ടുകള്‍ എന്നിവ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയും. നേരത്തെ ബുക്ക് ചെയ്യാതെ എത്തുന്ന സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. സഫാരിക്കായി എത്തുന്ന ആളുകള്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിളിച്ചു ബുക്ക് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 09442201690, 09442201691 ഈ നമ്പറുകള്‍ ഉപയോഗിക്കാം. കൂടാതെ പറമ്പിക്കുളത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.parambikulam.org എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യണമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും