ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാറിന് പിന്നിൽ യുഎസ് ഇടപെട്ടെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറിനിടെ ഒരു ഘട്ടത്തിലും യുഎസിൽ നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
ആ കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ ഒരു ഫോൺ കോളും ഉണ്ടായിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് ഒമ്പതിന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ് പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. ഒരു ആക്രമണം നടന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കിയിരുന്നു.
കൂടാതെ, മേയ് പത്തിന് വെടിനിർത്തലിന് പാക്കിസ്‌ഥാൻ തയ്യാറാണെന്ന് അറിയിച്ച് ഫോൺ കോൾ ലഭിച്ചു. പാക്കിസ്‌ഥാൻ തയ്യാറായെങ്കിലും ഡിജിഎംഒ തലത്തിൽ അവരിൽ നിന്ന് അഭ്യർഥന വരണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞതായും ജയശങ്കർ പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ ഐതിഹാസികമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള 16 മണിക്കൂർ ചർച്ചയ്‌ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്‌ഥാന്റെ പങ്ക് വ്യക്‌തമാണ്. 22 മിനിറ്റിൽ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടു. ഇതോടെയാണ് ആക്രമണം നിർത്തിയത്.
ഭയന്ന പാക്കിസ്‌ഥാൻ ചർച്ചയ്‌ക്ക് തയ്യാറായി. പാക്കിസ്‌ഥാൻ തോൽവി സമ്മതിച്ചു. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ സുരക്ഷിതമാണ്. ഓപ്പറേഷൻ സിന്ദൂർ അവസാനിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അതേസമയം, എത്ര വിമാനങ്ങൾ വീണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഒരു നഷ്‌ടവും ഉണ്ടായിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
നമ്മുടെ ഒരു സൈനിക കേന്ദ്രത്തെയും അവർ തൊട്ടിട്ടില്ല. ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്‌ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നുമുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ തള്ളിയാണ് പ്രതിരോധ മന്ത്രിയും പാർലമെന്റിൽ സംസാരിച്ചത്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി