ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം നടന്നു. ബിഹാറിനും ആന്ധ്രായ്‌ക്കും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്‌ഥാനങ്ങൾക്ക് യാതൊന്നും നൽകിയില്ലെന്നാണ് പ്രതിപക്ഷ വിമർശനം.
കേരളത്തെ അവഗണിച്ചതിനെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിന് പുറത്ത് പ്രത്യേകം പ്രതിഷേധിച്ചു. പിന്നീട് ലോക്‌സഭയിൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ബാനറുകൾ ഉയരത്തി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. എന്നാൽ, ചോദ്യോത്തര വേള തടസപ്പെടുത്താനാകില്ലെന്ന് സ്‌പീക്കർ ഓം ബിർലയും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്‌ജുവും നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കർഷകർക്ക് താങ്ങുവില വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാൽ സർക്കാരിനെ രക്ഷിക്കുന്ന സഖ്യ കക്ഷികൾക്കാണ് ബജറ്റിൽ താങ്ങുവില പ്രഖ്യാപിച്ചതെന്നും എസ്‌പി നേതാവ് അഖിലേഷ് യാദവ് വിമർശിച്ചു. ഉത്തർപ്രദേശിന് കാര്യമായൊന്നും കിട്ടിയില്ല. ഇരട്ട എൻജിന്റെ പ്രയോജനം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ബജറ്റിൽ സർക്കാർ അനീതി കാണിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മിക്ക സംസ്‌ഥാനങ്ങൾക്കും വളരെ കുറച്ചു മാത്രമേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളൂവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ആരോഗ്യ മേഖലയിൽ അടക്കം വലിയ പ്രതീക്ഷയാണ് കേരളത്തിന് ഉണ്ടായിരുന്നത്. അത് നിറവേറ്റിയില്ല. ഇതുപോലെ മറ്റു സംസ്‌ഥാനങ്ങളും നിരാശയിലാണെന്നും തരൂർ പറഞ്ഞു.
Most Read| ഇന്നും മഴ തുടരും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്