സ്വപ്‌നത്തിന് പിറകെ പോകാൻ പരിമിതികൾ തടസമാവില്ലെന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് പാർവതി. വാഹനാപകടത്തിൽ വലതുകൈ നഷ്‌ടപ്പെട്ടിട്ടും, ആൽമവിശ്വാസം കൈവിടാതെ ഇടംകൈ ആയുധമാക്കിയാണ് പാർവതി ഗോപകുമാർ തന്റെ ഐഎഎസ് സ്വപ്‌നം കൈപ്പിടിയിലൊതുക്കിയത്.
തിങ്കളാഴ്‌ച രാവിലെയാണ് പാർവതി എറണാകുളം അസിസ്‌റ്റന്റ് കലക്‌ടറായി ചുമതലയേറ്റത്. അമ്പലപ്പുഴ സ്വദേശിനിയായ പാർവതി 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 282ആം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്. എൽഎൽബി പഠനകാലത്ത് ആലപ്പുഴ ജില്ലാ കലക്‌ടർ ആയിരുന്ന എസ് സുഹാസിന്റെ ഓഫീസിൽ ഇന്റേൺഷിപ്പ് ചെയ്യാൻ പോയതോടെയാണ് പാർവതി ഐഎഎസ് എന്ന സ്വപ്‌നം കണ്ടുതുടങ്ങിയത്.
അന്ന് സബ് കലക്‌ടർ ആയിരുന്ന വിആർ കൃഷ്‌ണതേജ പാർവതിയുടെ സ്വപ്‌നങ്ങൾക്ക് നിറംപകർന്നു. സിവിൽ സർവീസിനെ ഒരു സ്വപ്‌നമായി കാണണമെന്ന് കൃഷ്‌ണതേജ എപ്പോഴും പാർവതിയെ ഓർമിപ്പിച്ചിരുന്നു. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ അച്ഛനോടൊപ്പം ഇരുചക്രവാഹനത്തിൽ ആലപ്പുഴ ചിറപ്പ് ഉൽസവം കാണാൻ പോകുമ്പോഴുണ്ടായ അപകടത്തിലാണ് പാർവതിക്ക് വലതുകൈ നഷ്‌ടമായത്.
അന്ന് മുതൽ ഇടംകൈ ആയിരുന്നു പാർവതിയുടെ ധൈര്യം. നഷ്‌ടപ്പെട്ടതിനെ കുറിച്ച് ഓർത്ത് തളർന്നുപോകാതെ സ്വപ്‌നങ്ങൾ എങ്ങനെ കീഴടക്കാമെന്നാണ് പാർവതി ആലോചിച്ചിരുന്നത്. ഇതോടെ വലംകൈക്ക് പകരമായി ഇടം കൈകൊണ്ടു സ്ളേറ്റിൽ എഴുതി പഠിച്ചു തുടങ്ങി. പിന്നീട് വലതുകൈയിൽ കൃത്രിമ കൈ ഘടിപ്പിച്ചു. പ്ളസ് ടു ഹ്യുമാനിറ്റീസിൽ മുഴുവൻ മാർക്കോടെ പാസായ പാർവതി നിയമം പഠിക്കാനായി ബെംഗളൂരുവിലേക്ക് വണ്ടി കേറി.
2021ൽ ബെംഗളൂരുവിലെ നാഷണൽ ലോ സ്‌കൂളിൽ നിന്ന് ബിരുദം കരസ്‌ഥമാക്കി. ആദ്യത്തെ പരിശ്രമത്തിൽ സിവിൽ സർവീസ് കൈവിട്ടു പോയെങ്കിലും തോൽക്കാൻ പാർവതി തയ്യാറായില്ല. രണ്ടാം ശ്രമത്തിൽ 282ആം റാങ്ക് കൈയ്യെത്തിപിടിക്കാൻ കഴിഞ്ഞു. മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി, കേരള കേഡറിൽ ചേർന്ന പാർവതിയെ കഴിഞ്ഞ ആഴ്‌ചയാണ് എറണാകുളം അസി. കലക്‌ടർ ആയി നിയമിച്ചത്.
മലയാളത്തിലെ പുസ്‌തകങ്ങളോടുള്ള അടുപ്പം പാർവതിയെ സിവിൽ സർവീസ് പരീക്ഷയിൽ മലയാളം ഓപ്ഷനാക്കാൻ പ്രേരിപ്പിച്ചു. അച്ഛൻ ഡെപ്യൂട്ടി തഹസിൽദാറായി ജോലി ചെയ്യുന്ന ആലപ്പുഴ കളക്‌ട്രേറ്റിൽ അസി. കലക്‌ടറായി ചുമതലയേൽക്കാനായിരുന്നു പാർവതിയുടെ ആഗ്രഹം. പക്ഷേ, മാതൃജില്ല ലഭിക്കാത്തതിനാൽ തൊട്ടടുത്ത ജില്ലയായ എറണാകുളത്ത് പദവി ഏറ്റെടുത്തു.
തൊട്ടടുത്ത ജില്ലയിൽ തന്നെ ജോലി ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് പറയുമ്പോൾ പാർവതിയുടെ കണ്ണുകളിൽ ആൽമവിശ്വാസത്തിന്റെയും ദൃഢനിശ്‌ചയത്തിന്റെയും തിളക്കമുണ്ടായിരുന്നു. കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ് നായരാണ് പാർവതിയുടെ അമ്മ. അച്ഛൻ കെഎസ് ഗോപകുമാർ ആലപ്പുഴ കളക്‌ട്രേറ്റിൽ തഹസിൽദാറുമാണ്. സഹോദരിയായ രേവതി തിരുവനന്തപുരം ഐസറിലെ വിദ്യാർഥിനിയാണ്. പാർവതി പുതിയ പദവിയിൽ ചുമതലയേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കുടുംബവും കളക്‌ട്രേറ്റിൽ എത്തിയിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!








































