മലപ്പുറം: കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ തൂതപ്പുഴയിൽ ജലനിരപ്പ് കൂടി. പുഴയിൽ ജലനിരപ്പും ഒഴുക്കും വർധിച്ചതോടെ തൂതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി.
കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്ന സൂചനയുണ്ട്. ഇതോടെ പുഴയിലെ ജലനിരപ്പ് വീണ്ടും വർധിക്കാനുള്ള സാധ്യത ഉള്ളതിനാൽ ആലിപ്പറമ്പ്, ആനമങ്ങാട്, ഏലംകുളം, പുലംന്തോൾ, കുരുവമ്പലം, മൂർക്കനാട് വില്ലേജുകളിൽ താമസിക്കുന്നവർക്ക് പെരിന്തൽമണ്ണ തഹസിൽദാർ പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജില്ലയിൽ തുടരുന്ന ശക്‌തമായ മഴയിൽ പോത്തുകല്ല് പാതാറിൽ മഴവെള്ളപ്പാച്ചിൽ. 2019ലെ ഉരുൾപൊട്ടലിൽ ഏറെ നാശംവിതച്ച പ്രദേശമാണ് പാതാർ. ഇന്നലെ പെയ്‌ത കനത്ത മഴയിലാണ് പാതാറിലെ തോട്ടിൽ മഴവെള്ളപ്പാച്ചിലുണ്ടായത്. തോട്ടിൽ ഒഴുക്ക് വർധിച്ചതോടെ കരകളിൽ താമസിക്കുന്നവർക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാലിയാർ, പുന്നപ്പുഴ, കരിമ്പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
Read Also: ഐസിഎസ്ഇ, ഐഎസ്‌സി ഫലം ഇന്ന്





































