കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതിക്കു പിന്നാലെ മകനും മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യ ഷെൻസി (38) ഇന്നലെയാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ ആയിരുന്ന മകൻ ബിഷാറുൽ അഫി (8) പുലർച്ചെ മരിച്ചു.
ഷെൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്‌ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) ഫസ്‌ന (28) എന്നിവർക്ക് അപകടത്തിൽ പരുക്കുണ്ട്. തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടരയോടെ പയ്യോളി – വടകര ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം ആറുവരിപ്പാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്തായിരുന്നു അപകടം. വടകരയിൽനിന്ന് ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്.
ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വൺവേയായി താൽക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത ഏറെ വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും നിർത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്‌ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന മരണപ്പെട്ട തെൻസിയെ ഏറെനേരത്തെ ശ്രമഫലമായാണ് അഗ്‌നി രക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കാനായത്.
MOST READ | രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം







































