മലപ്പുറം: അന്യായമായി പോലീസും റവന്യൂ വകുപ്പും പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കാടൻ റിയാസ് (36) ചെങ്കല്ല് കടത്തിയതിന് തനിക്കും ക്വാറിയിലെ മറ്റ് ഡ്രൈവർമാർക്കും ലഭിച്ച പിഴയുടെ രസീതുകൾ മാലയാക്കി ധരിച്ചാണ് മഞ്ചേരി നഗരത്തിൽ പ്രതിഷേധിച്ചത്.
ലോറി ഡ്രൈവറായ തനിക്കും മറ്റ് ഡ്രൈവർമാർക്കും ചെങ്കല്ല് കൊണ്ടുപോകുന്നതിനിടെ നിരന്തരം റവന്യൂ വകുപ്പും പോലീസും പിഴ ചുമത്തുകയായിരുന്നു എന്നാണ് റിയാസിന്റെ ആരോപണം. 250 മുതൽ 10,000 രൂപ വരെ പിഴയായി നൽകിയിട്ടുണ്ടെന്നും റിയാസ് പറയുന്നു. പോലീസും റവന്യൂ വകുപ്പും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
‘മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്, ചെങ്കല്ല് സർവീസിന് അനുമതിയുണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം; എന്ന പ്ളക്കാർഡുമേന്തിയാണ് റിയാസ് മഞ്ചേരി നഗരമധ്യത്തിൽ എത്തിയത്. ഈ വേറിട്ട പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
Also Read: തൃക്കൊടിത്താനം ബാങ്കിൽ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്; മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടി





































