തിരുവനന്തപുരം: പേരൂർക്കടയിൽ മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ അന്വേഷണ റിപ്പോർട്ടിലാണ്, പോലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുള്ളത്.
പേരൂർക്കടയിലെ വീട്ടിൽ മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്‌ടാവാക്കാൻ പോലീസ് കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്. മറവി പ്രശ്‌നമുള്ള ഓമന ഡാനിയേൽ മാല സ്വന്തം വീട്ടിലെ സോഫയ്‌ക്ക് താഴെവെച്ച് മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കാണാതായ മാല വീടിന്റെ പിന്നിലെ ചവർ കൂനയിൽ നിന്നുമാണ് കണ്ടെത്തിയതെന്ന പേരൂർക്കട പോലീസിന്റെ കഥ നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്‌റ്റഡി ന്യായീകരിക്കാൻ പോലീസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബിന്ദുവിനെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്എച്ച്ഒ ശിവകുമാർ, ഓമന ഡാനിയേൽ എന്നിവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
മാല നഷ്‌ടപ്പെട്ടത് കഴിഞ്ഞ ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പോലീസ് സ്‌റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്‌ക്ക് 12 മണിവരെ അനധികൃതമായി കസ്‌റ്റഡിയിൽ വയ്‌ക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ