കോഴിക്കോട്: വളർത്ത് മൃഗങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ ഇനി മുതൽ ലൈസൻസ് ഏർപ്പെടുത്തും. വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് കോർപറേഷനും നടപടി സ്വീകരിച്ചത്. ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് കോഴിക്കോട് കോർപറേഷൻ കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു.
ഓരോ മൃഗങ്ങൾക്കും ഈടാക്കേണ്ട ഫീസും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ഇനിമുതൽ വീട്ടിൽ വളർത്തുന്ന ഓരോ മൃഗങ്ങൾക്കും കോർപറേഷനിൽ നിന്ന് ലൈസൻസ് എടുക്കണം. കന്നുകാലികൾ, പൂച്ച –100 രൂപ, നായ, കുതിര-500 എന്നിങ്ങനെയാണ് ഫീസ് ഈടാക്കുക. ഇവയിൽ പ്രത്യേക ഇനങ്ങളിൽപ്പെടുന്ന നായകൾക്ക് ആയിരവും പൂച്ചകൾക്ക് അഞ്ഞൂറും ആണ് ഫീസ് ഈടാക്കുക.
അതേസമയം, ലൈസൻസിനൊപ്പം മൃഗങ്ങൾക്ക് മൈക്രോചിപ്പും ഘടിപ്പിക്കും. ഇതനുസരിച്ച് മൃഗങ്ങളുടെ വിവരങ്ങളെല്ലാം കോർപറേഷനിലും ലഭ്യമാകും. കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ ലൈസൻസിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ തുടങ്ങുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
Read Also: അതീവ പരിസ്‌ഥിതിലോല പ്രദേശമായ പണ്ടാരത്തു മലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം





































