ന്യൂഡെൽഹി: കേരളത്തിലെ ജയിലുകൾ കൊറോണ വ്യാപനകേന്ദ്രങ്ങൾ ആണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ റിട്ട് ഹരജി. സ്ഥലപരിമിതി മൂലം കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഇടയിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ല. തടവുകാർക്ക് പരോൾ തീരുമാനിക്കാൻ സുപ്രീംകോടതി രൂപീകരിച്ച ഉന്നതാധികാര സമിതി നിർജീവമാണെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യയാണ് സംസ്ഥാന സർക്കാരിന് എതിരെ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ഭർത്താവ് ഉൾപ്പടെ 7 പേരെയാണ് തലശ്ശേരി സബ് ജയിലിൽ താമസിപ്പിച്ചിരിക്കുന്നതെന്നും പത്ത്-പന്ത്രണ്ട് അടി മാത്രം വിസ്തീർണമുള്ള മുറിയാണിതെന്നും ഹരജിയിൽ പറയുന്നു. രാവിലെയും വൈകിട്ടും 20 മിനുട്ട് വീതമാണ് ശുചിമുറി ഉപയോഗിക്കുന്നതിനായി സെല്ലിന് പുറത്ത് പോകാൻ അനുവദിച്ചിരുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു.
34 തടവുകാർക്കായി 4 ശുചിമുറികൾ മാത്രമാണ് ജയിലിൽ ഉണ്ടായിരുന്നത്. യാതൊരു തരത്തിലുള്ള മുകരുതലുകളും സ്വീകരിക്കാത്തതിനാൽ തലശ്ശേരി ജയിലിൽ കഴിയുന്ന 34 തടവുകാരിൽ 30 പേർക്ക് കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും 130 ജയിൽ ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആകുകയും ചെയ്തിരുന്നു.
പരോളിൽ ആയിരുന്ന ഭർത്താവ് ജയിലിൽ എത്തിയതിന് പിന്നാലെ കോവിഡ് ബാധിതനായെന്നും യുവതി ഹരജിയിൽ പറയുന്നുണ്ട്.
കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭർത്താവിന്റെ സ്ഥിതി ഗുരുതരമാണെന്നും ഹരജിയിൽ വിശദീകരിക്കുന്നു. അതിനാൽ അടിയന്തിരമായി ഭർത്താവിന് വീണ്ടും പരോൾ അനുവദിക്കണമെന്നാണ് യുവതിയുടെ ആവശ്യം.
Read also: ‘ആദ്യം ഭൂമി അതിന് ശേഷം വോട്ട്’; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ അരിപ്പ നിവാസികൾ





































