ഭോപ്പാൽ: കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ. രംഗനാഥനെയാണ് മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവിൽ പോയിരുന്നു.
അതേസമയം, എസ്ഐടി രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഫാർമ കമ്പനി ഉടമ പിടിയിലായത്. അതേസമയം, കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 21 ആയി ഉയർന്നു. ചിന്ദ്വാറ ജില്ലയിൽ മാത്രം 18 കുട്ടികളാണ് മരിച്ചത്. നാഗ്പുരിൽ ചികിൽസയിൽ കഴിയുന്ന അഞ്ച് കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കഫ് സിറപ്പ് നിർമിച്ച കാഞ്ചീപുരത്തെ ശ്രേസൻ ഫാർമ യൂണിറ്റുകളിൽ എസ്ഐടിയുടെ പരിശോധന തുടരുകയാണ്. കോൾഡ്രിഫ് സിറപ്പ് കഴിച്ചു മരിച്ച കുട്ടികളിൽ വൃക്ക സംബന്ധമായ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. സിറപ്പിൽ 48.6% ഡൈഎത്തിലീൻ ഗ്ളൈക്കോൺ അടങ്ങിയിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു. വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.
ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. വിഷയത്തിൽ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷം കോൾഡ്രിഫ് സിറപ്പിനെതിരെ രാജ്യാന്തര തലത്തിൽ മുന്നറിയിപ്പ് നൽകാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം