കണ്ണൂർ: ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. അത് ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും എന്തിലും സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനാണ് അവരുടെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ”ശബരിമല വലിയ വിവാദമാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. എന്താണ് അവരുടെ ഉദ്ദേശ്യം? ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. വാവർക്കും പ്രധാന സ്‌ഥാനമുണ്ട്. ഇത് ഇല്ലാതാക്കാൻ സംഘപരിവാർ ആഗ്രഹിക്കുന്നു.
ഒരു മുസ്‌ലിംമിന് സ്‌ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറെ ചൊടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി വാവര് വാവരല്ല എന്നും മറ്റൊരു പേരുകാരനാണെന്നും, വാവരെ സമൂഹത്തിന് കൊള്ളാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്. ആർക്കെങ്കിലും അത് അംഗീകരിക്കാൻ കഴിയുമോ.
ശബരിമലയെ അംഗീകരിക്കുന്ന അയപ്പനെ ആരാധിക്കുന്ന ആർക്കും അത് അംഗീകരിക്കാനാവില്ല. എല്ലാവരും അതിനെതിരെ രംഗത്തുവന്നു. സംഘപരിവാറിന് മേധാവിത്തം കിട്ടിയാൽ ഇതെല്ലാം നഷ്‌ടപ്പെടും. ഏതിലും തങ്ങളുടെ സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്