തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകുന്നത് വലിയ പാപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യനിർമാണ കമ്പനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും പ്രാഥമിക അനുമതി പൂർണമായും സർക്കാരിന്റെ കൈകളിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ടതില്ല. വെള്ളം സർക്കാർ നൽകും. കൃഷിക്കാരുടെ താൽപര്യം പരിഗണിച്ച് പദ്ധതി നടപ്പാക്കും. വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ല. അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവെയ്ക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
”മദ്യനയത്തിൽ സർക്കാർ നയം സുവ്യക്തമാണ്. കേരളത്തിൽ പത്ത് ഡിസ്റ്റിലറികളാണ് ഉള്ളത്. അതിൽ ഏഴും തുടങ്ങിയത് യുഡിഎഫ് സർക്കാരാണ്. രണ്ടു ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകർ ഇനി വന്നാലും സർക്കാർ പ്രോൽസാഹിപ്പിക്കും. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്.
650 പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ കിട്ടും. അനുമതി അനുമതി പ്രാഥമികമായി നൽകുന്നത് പൂർണമായും സർക്കാരിന്റെ വിവേചനമാണ്. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകാനുള്ള തീരുമാനമെടുത്തത് ഉമ്മൻചാണ്ടി സർക്കാരാണ്. വ്യവസായങ്ങൾ മാലിന്യം തള്ളില്ലെന്ന് സർക്കാർ ഉറപ്പാക്കും. പദ്ധതിക്ക് വെള്ളം ഒരു പ്രശ്നമാകില്ല. ഇത്തരം സംരംഭങ്ങൾ വന്നാൽ ഇനിയും അനുമതി നൽകും”- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പിപിഇ കിറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിഎജി റിപ്പോർട് അന്തിമമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് അധ്യക്ഷനായ പബ്ളിക്സ് അക്കൗണ്ട്സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രേഖകളും സമിതിക്ക് മുന്നിലുണ്ട്. സർക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെനും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. കരാറിൽ ഏർപ്പെട്ട കമ്പനി സമയത്ത് കിറ്റ് നൽകിയില്ല. അടിയന്തിര സാഹചര്യത്തിലാണ് നടപടിയെടുത്തത്. അവ്യക്തത സൃഷ്ടിക്കുകയാണ് സിഎജി ചെയ്തത്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നു. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുത്തല്ല സിഎജി റിപ്പോർട്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം








































