തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ യുഡിഎഫിന് ആവേശം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും എന്നാൽ, അഹങ്കരിക്കരുതെന്നും അത് നല്ലതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2004ൽ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല, സംഘടനാ പ്രശ്‌നം കാരണമാണ്. അതിനെ ഉദാഹരണമാക്കി സംസ്‌ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷം തയ്യാറാകേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം ഉണ്ടായത്. പരാജയത്തിന്റെ കാരണങ്ങൾ എൽഡിഎഫ് പരിശോധിച്ച് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമശനങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. വസ്‌തുതകളുടെ അടിസ്‌ഥാനത്തിൽ കാര്യങ്ങൾ പറയുമ്പോൾ, ബബബ പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിപക്ഷത്തിന് ആവേശം കാണും. പക്ഷേ പ്രകടിപ്പിച്ച ആവേശം ഉണ്ടോയെന്ന് കണക്ക് പരിശോധിച്ചാൽ അറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്‌ഥാന സർക്കാരിനെതിരായ വിധിയെന്നാണ് പ്രതിപക്ഷ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 4.92 ലക്ഷം വോട്ടാണ് കുറഞ്ഞത്. പ്രതിപക്ഷത്തിന് 6.11 ലക്ഷം വോട്ട് കുറഞ്ഞു. മഹാവിജയം നേടിയ പ്രതിപക്ഷം വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
നരേന്ദ്രമോദി അധികാരത്തിൽ നിന്ന് പോകണമെന്നും അല്ലെങ്കിൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്നും വിചാരിക്കുന്നവരുണ്ട്. അവർക്ക് ഇടതുപക്ഷത്തോട് വിരോധമില്ല. പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നും അതിനായി കോൺഗ്രസ് ജയിക്കണമെന്നും അവർ വിചാരിച്ചു. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്നത് കോൺഗ്രസിനാണ്. 2019ലും ഇതാണ് സംഭവിച്ചത്.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിചാരിച്ച് കോൺഗ്രസിന് ജനം വോട്ട് ചെയ്‌തു. കോൺഗ്രസ് ജയിച്ചതിൽ ഇടതിന് വേവലാതിയില്ല. പക്ഷേ, തൃശൂരിൽ ബിജെപി ജയിച്ചത് ഗൗരവമായി കാണണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനം വോട്ട് യുഡിഎഫിന് തൃശൂരിൽ കുറഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Most Read| സാമ്പത്തിക തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്ക് എതിരെ ഇഡി അന്വേഷണം