കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ യുഡിഎഫ് തിരഞ്ഞെപ്പ് പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്‌ഡി, മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു വിമർശനം നടത്തിയത്.
”അദ്ദേഹം ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ആ സ്‌ഥാനത്തിരിക്കുന്ന ഒരാൾ സാധാരണ ഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്, മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളതെന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ.
ഏതായാലും അദ്ദേഹം പരസ്യമായി വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ ഞാനും പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്‌ഡിയോട് ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ”- മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘നീ പോ മോനെ വിജയാ’ എന്ന മോഹൻലാൽ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ രേവന്ത് റെഡ്‌ഡി വിമർശിച്ചിരുന്നു. നേമത്തെ സ്‌ഥാനാർഥി കെഎസ്. ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു വിമർശനം.
പിണറായി വിജയന്റെ എക്‌സ്‌പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും രേവന്ത് റെഡ്‌ഡി പറഞ്ഞു. പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തിൽ നേരിട്ടുള്ള ചർച്ചയ്‌ക്ക് തയ്യാറാണെന്നും രേവന്ത് ആരാഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ ചർച്ചയ്‌ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തും രേവന്ത് പുറത്തുവിട്ടു. കത്തിന്റെ അവസാന ഭാഗത്തും നീ പോ മോനേ വിജയാ എന്ന വിളിയും അദ്ദേഹം ആവർത്തിച്ചിരുന്നു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































