പാലക്കാട്: പാർട്ടി അച്ചടക്ക നടപടിക്ക് പിന്നാലെ കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം നേതാവ് പികെ ശശി. പാർട്ടി ആവശ്യപ്പെടും മുൻപ് രാജിവെക്കാനാണ് നീക്കം. ഇന്നോ, നാളെയോ രാജി സമർപ്പിക്കുമെന്നാണ് സൂചന. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പികെ ശശിക്കെതിരായ പ്രധാന ആരോപണം.
ഇതുസംബന്ധിച്ചു സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി നടത്തി റിപ്പോർട് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും കെടിഡിസി ചെയർമാനും സിഐടിയു ജില്ലാ പ്രസിഡണ്ടും മുൻ എംഎൽഎയുമായ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ നീക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനിച്ചിരുന്നു. ശശിക്കെതിരെ നിരവധി പരാതികളാണ് പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാർക്കാട് സഹകരണ എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സൽ കോളേജിന് വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതി പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു പരിശോധിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെ ആയിരുന്നു ഈ ധനസമാഹരണം എന്നാണ് ആരോപണം ഉയർന്നത്. വിഭാഗീയതയെ തുടർന്ന് മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടതായും സൂചനയുണ്ട്. നേരത്തെ ലൈംഗിക പീഡന പരാതിയിൽ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ആറുമാസം ശശിയെ സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്രയേറ്റിലേക്കും മടങ്ങിയെത്തി.
Most Read| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം