പാലക്കാട്: പ്ളസ് വൺ പ്രവേശനത്തിന് ജില്ലയിലെ 8,000 ത്തോളം വിദ്യാർഥികൾ പുറത്താകുമെന്ന് വിവരം. അതേസമയം, ജില്ലയിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിട്ടും പ്രതിസന്ധി തുടരുകയാണ്. ഇന്നലെയാണ് പ്ളസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായത്. ജില്ലയിൽ നിന്ന് 42,911 വിദ്യാർഥികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ, 33,097 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്.
ജില്ലയിൽ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലയിൽ ആകെ 28,267 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന്, 20 ശതമാനം ആനുപാതിക വർധനയിലൂടെ 4,830 സീറ്റുകളാണ് സർക്കാർ കൂട്ടിയത്. ഇപ്രകാരമാണ് നിലവിൽ 33,097 സീറ്റുകൾ ഉള്ളത്. കൂടാതെ, 25 വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 69 ബാച്ചുകളിലായി 2,070 സീറ്റുണ്ട്. ഇത് ഒഴിച്ചാലും എട്ടായിരത്തോളം കുട്ടികൾക്ക് സീറ്റ് ലഭിക്കാത്ത പ്രതിസന്ധി ഉണ്ടാവും. ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ 99.35 ശതമാനം കുട്ടികളാണ് ജില്ലയിൽ നിന്ന് വിജയിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ശതമാനമാണിത്.
എന്നാൽ, ഇത്രയും കുട്ടികൾക്ക് ഉപരിപഠനത്തിന് ആവശ്യമായ സീറ്റുകൾ ഹയർ സെക്കൻഡറി മേഖലയിൽ ഇല്ല. ഇത്തവണ 9,083 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയിട്ടുണ്ട്. ഇവർക്ക് പോലും പ്രവേശനം ലഭിക്കുന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയാണ്. അതേസമയം, ഏകജാലകം വഴി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളിൽ 40,237 പേർ സംസ്‌ഥാന സിലബസിൽ പരീക്ഷ എഴുതിയവരാണ്. 1,562 പേർ സിബിഎസ്ഇ വിജയിച്ചവരും 113 പേർ ഐസിഎസ്‌ഇ സിലബസുകാരും 999 പേർ മറ്റു സംസ്‌ഥാന സിലബസുകാരുമാണ്.
അതേസമയം, ജില്ലയിൽ 133 സർക്കാർ, എയ്‌ഡഡ് സ്‌ഥാപനങ്ങളിലെ 483 ബാച്ചുകളിലായി 24,150 സീറ്റുകളാണ് ആകെ ഉള്ളത്. കൂടാതെ, 24 അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ 83 ബാച്ചുകളും 4,117 സീറ്റുകളും ഉണ്ട്. എന്നാൽ, ഇവയ്‌ക്ക് ഉയർന്ന ഫീസാണ് അധികൃതർ ഈടാക്കുന്നതെന്ന് പരാതിയുണ്ട്. വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാറിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്തിരിക്കുന്നത്.
Read Also: ദേശീയപാതാ വികസനം; കമ്പനി കൂടുതൽ സ്‌ഥലം എടുക്കുന്നതായി പരാതി









































