തിരുവനന്തപുരം: കേരളത്തിനായി വൻകിട പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്‌ഥാനത്ത് നിന്ന് മടങ്ങി. സിൽവർ ലൈനിന് ബദലായി അതിവേഗ റെയിൽപാത ഉൾപ്പടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ, വ്യക്‌തമായ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം മാത്രമാണ് മോദി പറഞ്ഞത്. ഇരുമുന്നണികളെയും കടന്നാക്രമിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം സാധ്യമാകാൻ സംസ്‌ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ അനിവാര്യമാണെന്ന് പറഞ്ഞു.
ഇടതു-വലതു മുന്നണികൾ മാറിമാറി ഭരിച്ചു കേരളത്തെ നശിപ്പിച്ചുവെന്നും എൻഡിഎയെ തിരഞ്ഞെടുക്കാനുള്ള ശരിയായ സമയമാണിതെന്നും പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന എൻഡിഎ പരിപാടിയിൽ മോദി വ്യക്‌തമാക്കി. ‘എന്റെ സുഹൃത്തുക്കളേ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌തു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
‘മാറാത്തത് ഇനി മാറും’ എന്നും മലയാളത്തിൽ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയും സഹകരണ ബാങ്ക് തട്ടിപ്പും ഉയർത്തി എൽഡിഎഫിനെയും മുസ്‌ലിം ലീഗ്- മാവോവാദി കോൺഗ്രസ് എന്ന് പരാമർശിച്ച് യുഡിഎഫിനെതിരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു. എൽഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചുവെന്നും ഇനിമുതൽ വികസനപക്ഷം എന്ന മൂന്നാമതൊരു പക്ഷം കൂടി രൂപപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികൾ കേരളം നടപ്പാക്കുന്നില്ലെന്നും പിഎം ശ്രീ നടപ്പാക്കാതിരുന്നത് മൂലം വിദ്യാർഥികൾക്ക് ലഭിക്കേണ്ട സഹായം നഷ്‌ടമാക്കിയെന്നും മോദി കുറ്റപ്പെടുത്തി. പത്‌മനാഭ സ്വാമിയുടെ പാവനഭൂമിയിൽ വരാനായത് സൗഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയ്യങ്കാളിയെയും മന്നത്ത് പത്‌മനാഭനെയും ശ്രീനാരായണ ഗുരുവിനെയും പ്രസംഗത്തിനിടെ പ്രധാനമന്ത്രി അനുസ്‌മരിച്ചു.
തന്റെ പഴയ സുഹൃത്താണ് വിവി രാജേഷ് എന്ന് പ്രസംഗത്തിനിടെ മോദി പറഞ്ഞു. ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രധാനമന്ത്രിയുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി. തിരുവനന്തപുരം നഗരത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി മേയർ പ്രധാനമന്ത്രിക്ക് രൂപരേഖ സമർപ്പിച്ചു.
രാവിലെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വിമാനത്താവളം മുതൽ മുത്തരിക്കണ്ടം മൈതാനം വരെ റോഡിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയ പ്രവർത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്‌തു.
വേദിയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ശ്രീചിത്രയിൽ റേഡിയോ ചികിൽസാ സെന്ററിന് തറക്കല്ലിട്ടു. അമൃത് ഭാരത് ട്രെയിനുകളിൽ ഫ്‌ളാഗ് ഓഫ് ചെയ്‌തു. കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്‌തത്.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു







































