തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടി. പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ടിഎസ് പ്രദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു.
വിവാദം വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നും, സംഭവത്തിൽ പ്രദീപ് കുമാറിന് ജാഗ്രതക്കുറവ് ഉണ്ടായെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ പ്രാഥമിക അന്വേഷണത്തിൽ പ്രദീപ് കുമാറിന്റെ വീഴ്‌ച വ്യക്‌തമായ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നതെന്ന് ഫോർട്ട് ഹൈസ്‌കൂൾ മാനേജർ പി ജ്യോതീന്ദ്രകുമാർ വ്യക്‌തമാക്കി.
സംഭവം വിവാദമായതിന് പിന്നാലെ പ്രധാനാധ്യാപകൻ വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ഒരു സന്നദ്ധസംഘടനയാണ് മുകേഷ് എം നായരെ ചടങ്ങിലേക്ക് കൊണ്ടുവന്നതെന്ന് പ്രദീപ് കുമാർ പറഞ്ഞിരുന്നു. സഹസംഘടകരായ ജെസിഐ പിന്നീട് മാപ്പ് പറഞ്ഞു കത്ത് നൽകുകയും ചെയ്‌തിരുന്നു.
ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോൽസവത്തിന് മുകേഷ് നായർ പങ്കെടുത്തതാണ് വിവാദമായത്. കോവളത്തെ റിസോർട്ടിൽ വെച്ച് റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്‌പർശിച്ചെന്നും നിർബന്ധിച്ച് അർധനഗ്‌നയാക്കി റീൽസ് ചിത്രീകരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്‌ഥാനത്തിൽ ഏപ്രിലിൽ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായർ ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോൽസവത്തിൽ പങ്കെടുത്തത്. തന്റെ ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ നോട്ടീസ് മുകേഷ് നായർ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം