തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം.
2014ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച അദ്ദേഹം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. 1997ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു.
ഭാരതീയ ദർശനങ്ങളും വൈദിക പാരമ്പര്യവുമായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരിയുടെ എഴുത്തിന്റെ അടിസ്ഥാനം. ഒപ്പം ആധുനികതകയുടെ ഭാവുകത്വം കവിതയിൽ സന്നിവേശിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, വയലാർ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ഓടക്കുഴൽ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
തിരുവല്ലയിലെ ഇരിങ്ങോലിൽ 1939 ജൂൺ 2നാണ് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ കോളജ് അധ്യാപകനായിരുന്നു.
പ്രധാനകൃതികൾ- സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958), പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978), ഇന്ത്യയെന്ന വികാരം (1979), മുഖമെവിടെ (1982), അപരാജിത (1984), ആരണ്യകം (1987), ഉജ്ജയിനിയിലെ രാപ്പകലുകൾ (1988), ചാരുലത (2000).
ഭാര്യ: സാവിത്രി, മക്കൾ: അദിതി, അപർണ.
Also Read: കൈക്കൂലി കേസ്; ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ





































