മലപ്പുറം: താനൂരിൽ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാക്കളെ മർദ്ദിച്ചതായി പരാതി. ബൈക്കിൽ മൂന്ന് പേരുമായി യാത്ര ചെയ്തതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസിന്റെ അസഭ്യവർഷവും മർദ്ദനവും.
ശാരീരിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് താനൂർ തെയ്യാല സ്വദേശി മുഹമ്മദ് തൻവീർ ചികിൽസ തേടിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ താനൂർ പോലീസ് നിഷേധിച്ചു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ തടഞ്ഞുനിർത്തിയ പോലീസ് പിഴയടക്കാൻ ആവശ്യപ്പെട്ടു. പണം കൈവശമില്ലാത്തതിനാൽ എടിഎം കാർഡ് നൽകി. ഇതിന് പിന്നാലെയായിരുന്നു പോലീസ് അസഭ്യം പറഞ്ഞത്. ചോദ്യം ചെയ്തപ്പോൾ താനൂർ സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു എന്ന് തൻസീർ പറയുന്നു. ലാത്തി കൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
കൂടാതെ, പാസ്പോർട്ട് പിടിച്ചുവെക്കുമെന്നത് ഉൾപ്പടെ ഭീഷണി ഉയർത്തിയതായും യുവാവ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് തൻസീർ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. അതേസമയം, മർദ്ദിച്ചിട്ടില്ലെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സ്റ്റേഷനിൽ എത്തിച്ച് ജാമ്യത്തിൽ വിടുകയായിരുന്നു എന്നും താനൂർ എസ്ഐ പറഞ്ഞു.
Most Read: മങ്കിപോക്സ്; രോഗികൾക്ക് ഐസൊലേഷൻ, മാർഗ നിർദ്ദേശവുമായി കേന്ദ്രം









































