മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്‍ബോൾ മൽസരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പോലീസ് കേസെടുത്തു. സംഘാടക സമിതിക്കെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിൽ ആകെ 47 പേർക്കാണ് പരിക്കേറ്റത്.
സെവൻസ് ഫുട്‍ബോളിന്റെ ഫൈനൽ നടക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പടക്കങ്ങൾ മൈതാനത്തിന് അരികിലായിരുന്നവർക്ക് നേരെ തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നുവെന്നാണ് വിവരം.
ഇതിന്റെ തീപ്പൊരികൾ വീണാണ് പലർക്കും പൊള്ളലേറ്റത്. പരിഭ്രാന്തരായ ആളുകൾ ചിതറിയോടുന്നതിനിടെയാണ് നിലത്തേക്ക് വീണ് നിരവധിപ്പേർക്ക് പരിക്കേറ്റത്. ഫൈനൽ മൽസരങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്. യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെഎംജി മാവൂരും തമ്മിലായിരുന്നു ഫൈനൽ മൽസരം. അപകടത്തിന് പിന്നാലെ പോലീസ് ഇടപെട്ട് മൽസരം തടഞ്ഞിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































